Wednesday, November 22, 2006

കരിമീന്‍ പൊള്ളിച്ചത് പോരട്ടേ !!!

ഇതിവിടെ എഴുതുമ്പോള്‍ത്തന്നെ, സ്ലര്‍പ് സ്ലര്‍പ്... നാവില്‍ വെള്ളമൂറുന്നു. ഞങ്ങള്‍ ഏതു ഹോ/ബാ ല്‍ പോയാലും കരിമീന്‍ പൊള്ളിച്ചത് പോരട്ടേയെന്ന് ബെയററോട് അലറുന്നത്‌. സാധനം വാഴയിലയില്‍ മേശമേല്‍ വന്നാലോ മീന്‍ കിടന്നയിടത്ത് മുള്ള് പോലുമില്ല എന്ന പഴഞ്ചൊല്ലിനെ ശരിവയ്ക്കും വിധമാണ് ഈയുള്ളോരുടെ പ്രകടനം. രാജമാണിക്യം മൊബൈല്‍ ക്യാമറയില്‍ എടുത്ത ഒരു കരിമീന്‍ പൊള്ളിച്ചതിന്റെ ചിത്രം താഴെച്ചേര്‍ക്കുന്നു.


ഇനി കരിമീന്‍ എങ്ങനെ പൊള്ളിക്കാം എന്നു കൂടി ഞാനിവിടെ കുറിക്കട്ടേ.

കരിമീന്‍ എവിടെ ലഭിക്കും

നിങ്ങള്‍ കൊച്ചീക്കാരനാണെങ്കില്‍ നല്ല സൊയമ്പന്‍ പിടയ്ക്കുന്ന ഫ്രഷ് കരിമീനിനായി ചമ്പക്കരയിലോ ഫോര്‍ട്ട്കൊച്ചിയിലോ പോയാല്‍ മതിയാ‍കും. വെളുപ്പിനേ പോയി വാങ്ങുന്നതാണുചിതം.

അടുക്കളയില്‍ നിന്നും ലൈവ്

ഇടത്തരം കരിമീന്‍ - 1/2 കിലോഗ്രാം
ചുവന്നുള്ളി അരിഞ്ഞത് - 1/2 കപ്പ്
വെളിച്ചെണ്ണ - 1/4 ‍കപ്പ്
പച്ചമുളക് കീറിയത് - 5 എണ്ണം
കറിവേപ്പില - 2 തണ്ട്
ഇഞ്ചി അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - ഒന്നര ടേബിള്‍സ്പൂണ്‍
കുരുമുളകു പൊടി - 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍ ഉപ്പ് - പാകത്തിന്

പാചകം എങ്ങനെ

സ്റ്റെപ്പ് 1

കരിമീന്‍ വൃത്തിയായി ചെത്തി രണ്ടായി മുറിച്ചു വരഞ്ഞു വയ്ക്കണം. മുളക്, മല്ലി, മഞ്ഞള്‍പൊടി എന്നിവ നന്നായി അരച്ചെടുക്കണം. ഇതില്‍ ഉപ്പു ചേര്‍ത്ത്, വരഞ്ഞു വെച്ചിരിക്കുന്ന മീനിന്റെ രണ്ടു വശത്തും പുരട്ടി ഒരു മണിക്കൂറില്‍ കുറയാത്ത സമയം വെയ്ക്കണം.

സ്റ്റെപ്പ് 2

വെളിച്ചെണ്ണ ചൂ‍ടാകുമ്പോള്‍ ഇഞ്ചി, പച്ചമുളക്, ഉള്ളി എന്നിവ ചതച്ചെടുത്ത് കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റി ഒരു വിധം ചുവന്നു തുടങ്ങുമ്പോള്‍ അരച്ച മസാല ചേര്‍ത്ത് നല്ലതുപോലെ വഴറ്റണം. എണ്ണ തെളിഞ്ഞു വരുമ്പോള്‍ രണ്ടു കപ്പ് വെള്ളം ഒഴിച്ച് ഇളക്കി തിളപ്പിക്കുക.

സ്റ്റെപ്പ് 3

വെള്ളം തിളച്ചു മറിയുമ്പോള്‍ മീന്‍ അതില്‍ നിരത്തിയിടണം. മീന്‍ വെന്തു കഴിയുമ്പോള്‍ തീ കുറച്ച് ചാറു കുറുകുമ്പോള്‍ വാങ്ങി വെയ്ക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. മീന്‍ മുങ്ങികിടക്കാനുള്ള വെള്ളം ഉണ്ടായിരിക്കണം.
2. എല്ലാ ഭാഗത്തും ഒരുപോലെ തീ ഉണ്ടായിരിക്കണം. പാത്രം ഇടയ്ക്കിടെ ചുറ്റിച്ചുവെയ്ക്കുന്നതു നല്ലതാണ്.

8 comments:

:: niKk | നിക്ക് :: said...

ഒരു കരിമീന്‍ പൊള്ളിച്ചത്‌ പോരട്ടേ... യം യം ;)

സു | Su said...

ഇന്നവിടെ കരിമീനാണോ നിക്കേ? :)

thoufi | തൗഫി said...

കൊതിപ്പിക്കാതെ നിക്കേ..
വായില്‍ തിമിംഗലത്തിന് നീന്തിപ്പഠിക്കാനുള്ളത്ര വെള്ളമുണ്ട്

മുസാഫിര്‍ said...

കരിമീന്‍ തന്നെ കഴിക്കാന്‍ ഒരു രസവുമില്ല നിക്ക്.

പതാലി said...

എന്നെ അങ്ങട്‌ കൊല്ലീ....
വിശന്നു പൊരിയുമ്പോ മനുഷ്യനെ കരീമിന്‍ കാട്ടി പ്രാന്തു പിടിപ്പിക്കല്ലേ........

എന്‍റെ കഥ said...

എന്‍റെ അറിവില്‍ ഇങ്ങനെയല്ലല്ലോ കരിമീനെ(കരീമിനെ അല്ലട്ടോ)പൊള്ളിക്കുന്നത്.. പറഞ്ഞ മസാലകള്‍ ഓക്കെ.. വയറ്റിയെടുത്ത മസാലകള്‍ വരഞ്ഞ് വച്ച മീനിന് മുകളിലും ഉള്ളിലുമായി വെച്ച് വാട്ടിയെടുത്ത വായയിലയില്‍ വെച്ച് പൊതിഞ്ഞ് വായനാര് കൊണ്ട് കെട്ടി ഫ്രൈപാനില്‍ വെച്ച് കുറച്ച് വെളിച്ചെണ്ണയില്‍ ചെറിയ തീയില്‍ പൊള്ളിക്കുക രണ്ട് ഭാഗവും ..

asdfasdf asfdasdf said...

സുഹൃത്തെ,
ആദ്യ സ്റ്റെപ്പിക് അരച്ച മസാല മുഴുവന്‍ മീനില്‍ പൊതിയണമെന്നു പറയുന്നു.
രണ്ടാമത്തെ സ്റ്റെപ്പില്‍
അരച്ച മസാല അരച്ച മസാല ചേര്‍ത്ത് വഴറ്റാന്‍ പറയുന്നു. എന്തോ പന്തികേട്.
ആത്മകഥ പറഞ്ഞപോലെയാണെന്നാണ് എനിക്കും തോന്നിയിട്ടുള്ളത്. കരിമീന്‍ പൊള്ളിക്കുന്നത് വാഴയിലയില്‍ വെച്ചാണെന്നാണ് എന്റെ ചെറിയ അറിവ്.താങ്കള്‍ കൊടുത്ത് പടത്തിലും വാഴയിലയില്‍ പൊതിഞ്ഞ കരിമീനാണ്. ഒന്ന് റിവ്യു ചെയ്യുമല്ലോ.

:: niKk | നിക്ക് :: said...

ഹഹ എനിക്കും കുറച്ചു കണ്‍ഫൂഷന്‍ ഇല്ലാണ്ടില്ലാ. എന്റെ ഒരു സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരമാണിത്‌ കണ്‍ഫൂഷന്‍ തീര്‍ക്കാതെ പോസ്റ്റേണ്ടി വന്നത്‌. ഉടനെ അപ്ഡേറ്റുന്നതായിരിക്കും. ക്ഷമീ :)